Thursday, August 21, 2008

എന്നാലെന്താ?

പ്രശസ്‌ത സിനിമാ സംവിധായകന്‍ ജയരാജിന്റെ പുതിയ സിനിമയായ `ഗുല്‍മോഹര്‍' സംസ്ഥാനത്തെ ഭൂസമരങ്ങളേയും നക്‌സല്‍ സ്വഭാവമുള്ള സംഘടനകളേയും സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിരോധിക്കണമെന്ന്‌ സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയത്രേ...
ഈ റിപ്പോര്‍ട്ട്‌ എന്നാലെന്താണെന്നറിയാന്‍ ഇതേല്‌ എന്നാലെന്താ? ഞെക്കുക.

Sunday, August 3, 2008

എന്നാലെന്താ?

സര്‍ക്കാര്‍ നടപടികളുടെ വേഗം കൂട്ടുന്നതിന്‌ കേരളം ഇന്റര്‍നെറ്റ്‌ മെയില്‍ സംവിധാനത്തെ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. നിലവില്‍ ഒരു വകുപ്പില്‍ നിന്ന്‌ മറ്റൊരു വകുപ്പിലേക്ക്‌ ഒരു ഫയലെത്താന്‍ സ്വാഭാവികമായി എടുക്കുന്ന സമയം ഇരുപത്‌ ദിവസമാണ്‌. ഈ പരീക്ഷണം വിജയമായാല്‍ വിവരകൈമാറ്റം കൂടുതല്‍ വേഗത്തിലാകുമെന്നാണ്‌‌ പ്രതീക്ഷിക്കുന്നത്‌.
സര്‍ക്കാരിന്റെ പുതിയ പദ്ധതി എന്താണെന്നറിയാന്‍ ഇതേല്‌ എന്നാലെന്താ? ഞെക്കുക

Saturday, August 2, 2008

ഒരു ദേശത്തിന്‍റെ പോഷിണി = ദേശപോഷിണി

കോഴിക്കോട്‌ നഗര പരിധിക്കുള്ളില്‍ പെടുന്ന കുതിരവട്ടത്തെ സുപരിചിതമാക്കുന്നത്‌ അവിടത്തെ മാനസികാരോഗ്യ കേന്ദ്രമാണ്‌. എന്നാല്‍ കുതിരവട്ടമെന്ന ദേശത്തെ പോഷിപ്പിക്കുന്നതില്‍ ദേശപോഷിണി വായനശാലക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. പുസ്‌തകങ്ങളുമായുള്ള പരിചയം പുതുക്കുന്നതിനായി മാത്രം ഇന്നും ദിവസത്തില്‍ എഴുനൂറോളം പേര്‍ വന്നു പോകുന്ന വായനശാലയാണിത്‌. വായന മരിച്ചിട്ടില്ലാത്ത മലയാളികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കേരളത്തിലെ ഏറ്റവും മികച്ച വായനശാലകളിലൊന്നായ ദേശപോഷിണിയെക്കുറിച്ച്‌.


അന്ന്‌
കാ
ലം 1937, നവംബര്‍ മാസം 28, കോഴിക്കോട്‌ നഗരത്തില്‍ നിന്ന്‌ കിഴക്കുമാറി ഏറെ അകലെയല്ലാത്ത കുഗ്രാമമായ കുതിരവട്ടം ആഘോഷത്തിലാണ്‌.
പാതയോരങ്ങള്‍ കുരുത്തോല കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. ദേശപോഷിണി വായനശാലയുടെ കെട്ടിടത്തിന്റെ ഉദ്‌ഘാടനമാണിന്ന്‌. നഗരത്തിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ സേഠ്‌നാഗ്‌ജി അമര്‍സിംഗ്‌ ജയാനന്തനാണ്‌ ഉദ്‌ഘാടകന്‍. നാട്ടുകാര്‍ വാദ്യഘോഷങ്ങളോടെ ഉദ്‌ഘാടകനെ ആനയിച്ചു.
ഉദ്‌ഘാടനം കഴിഞ്ഞ്‌ വായനശാലക്ക്‌ 25 രൂപ സംഭാവന നല്‍കി അദ്ദേഹം പോകാനൊരുങ്ങി. പോകാന്‍ നേരം സംഭാവന നല്‍കിയവരായ വിവരപട്ടിക വായിച്ചു. എ പി ചിരുകണ്ടന്‍ അമ്പത്‌ രൂപ നല്‍കിയിരിക്കുന്നു. ഉടന്‍ അമര്‍സിംഗ്‌ ജയാനന്ദ്‌ മുറി മലയാളത്തില്‍ പറഞ്ഞു.
നമ്മളീ കാലത്തേക്ക്‌ മാത്രമല്ല, എല്ലാ കാലത്തും നമ്മുടെ കമ്പനി 25 രൂപ തരും

ഇന്ന്‌ നിരവധി ആയിരങ്ങള്‍ ഒന്നിച്ചു നല്‍കുന്നതിനു തുല്യമായ വാക്കായിരുന്നു അത്‌. അമര്‍സിംഗ്‌ ജയാനന്ദ്‌ ജിയും അദ്ദേഹത്തിന്റെ സേഠ്‌ നാഗ്‌ജി കമ്പനിയും വാക്കു തെറ്റിച്ചില്ല. ഇന്നും ദേശപോഷിണിയുടെ അക്കൗണ്ടിലേക്ക്‌ സേഠ്‌ നാഗ്‌ജി കമ്പനിയുടെ 25 രൂപ എല്ലാ വര്‍ഷവും വരവു കാണിക്കുന്നു.
ദേശപോഷിണി വായനശാല തുടങ്ങുന്ന കാലത്ത്‌ കോഴിക്കോട്ടെ ഏറ്റവും വലിയ വ്യവസായികളിലൊരാളായിരുന്നു സേഠ്‌ നാഗ്‌ജി അമര്‍സിംഗ്‌ ജയാനന്ദ്‌ ജി. അദ്ദേഹത്തിന്റെ വെജിറ്റബിള്‍ സോപ്‌ വര്‍ക്‌സിന്റെ കലണ്ടറുകളായിരുന്നു ഒരു കാലത്ത്‌ മലബാറിലെ വീടുകളിലെ ദൈവങ്ങളുടെ മുഖങ്ങള്‍.
വായനശാലയുടെ ഉദ്‌ഘാടനത്തിന്‌ ഒരു വ്യവസായിയെ ക്ഷണിക്കുന്ന പതിവ്‌ ഇന്നും വ്യാപകമല്ല. എന്നിട്ടും എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദേശപോഷിണി അതിനു തയ്യാറായി.
കോഴിക്കോട്‌ ജില്ലയില്‍ ആദ്യമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ വായനശാല ദേശപോഷിണിയാണെന്നും ഇതിനൊപ്പം കൂട്ടി വായിക്കണം.
സമൂഹത്തില്‍ സ്വാധീനമുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നറിയാമായിരുന്ന ഒ ചോയിക്കുട്ടിയായിരുന്നു ദേശപോഷിണിയുടെ തലച്ചോര്‍. വായനശാലാ പ്രവര്‍ത്തക സമിതിയില്‍ ഇത്തരക്കാരെ തുടക്കം മുതലേ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. അതേ സമയം, ദേശപോഷിണിയുടെ മുദ്രാവാക്യമായ `സാര്‍വത്രിക സാഹോദര്യ'ത്തിലും നിസ്വാര്‍ഥ സേവനങ്ങളിലും വെള്ളം ചേര്‍ക്കാന്‍ ഒരിക്കലും അനുവദിച്ചതുമില്ല.
468 രൂപ ചിലവഴിച്ചു നിര്‍മിച്ച കെട്ടിടവും 437 പുസ്‌തകങ്ങളും 117 അംഗങ്ങളുമായി തുടങ്ങിയ ദേശപോഷിണി ഇന്ന്‌ 35,000 പുസ്‌തകങ്ങളും നൂറിലേറെ ആനുകാലികങ്ങളും മുവ്വായിരത്തിലേറെ അംഗങ്ങളുമായി വളര്‍ന്നുപന്തലിച്ചിരിക്കുന്നു.
എഴുനൂറിലേറെ പേരാണ്‌ ദിവസേന ദേശപോഷിണി വായനശാല സന്ദര്‍ശിക്കുന്നത്‌....!

നാട്ടു കൂട്ടായ്‌മ കള്ളുഷാപ്പില്‍ നിന്ന്‌ വായനശാലയിലേക്ക്‌1930കളില്‍ കുതിരവട്ടം അങ്ങാടിയുടെ ടിഞ്ഞാറുണ്ടായിരുന്ന കള്ളുഷാപ്പായിരുന്നു സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒത്തുചേരാനുണ്ടായിരുന്ന ഏക സ്ഥലമെന്നും ഇത്‌ മിക്കവാറും ദിവസങ്ങളിലും തെറിവിളികളോടെ തല്ലിപ്പിരിയുകയായിരുന്നു പതിവെന്ന്‌ ചോയിക്കുട്ടി തന്നെ ദേശപോഷിണി രജതജൂബിലി സോവനീറില്‍ പറയുന്നുണ്ട്‌. ഇന്ന്‌ കുതിരവട്ടം അങ്ങാടിയുടെ പടിഞ്ഞാറ്‌ കള്ളുഷാപ്പില്ല.
ഏതൊരു നാട്ടിന്‍പുറത്തിന്റെയും ജീവനായ കൂട്ടായ്‌മയെ ഒരു കള്ളുഷാപ്പില്‍ നിന്നും വായനശാലയിലേക്ക്‌ പറിച്ചു നടാനായതാണ്‌ ദേശപോഷിണിയുടെ വലിയ നേട്ടം. ദേശപോഷിണിയുടെ ഓരോ വാര്‍ഷികങ്ങളേയും ഉത്സവങ്ങളാക്കിയത്‌ നാട്ടുകാരായിരുന്നു.
കുതിരവട്ടത്തു നിന്നും വിവാഹം കഴിച്ചയച്ച പെണ്ണുങ്ങള്‍ ദേശപോഷിണിയുടെ വാര്‍ഷികാഘോഷത്തിന്‌ കുട്ടികളേയും ഭര്‍ത്താവിനേയും കൂട്ടി മടങ്ങി വന്നു. നാടകങ്ങള്‍ ആവേശമായിരുന്ന കാലത്ത്‌ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ഇരുട്ടിനെ പെട്രോമാക്‌സ്‌ വെളിച്ചത്തില്‍ അകറ്റി അവര്‍ കുടുംബത്തോടെ നാടകങ്ങള്‍ കണ്ടു.
കണ്ടും കേട്ടും കൊതിതീരാത്ത ഭാഗങ്ങള്‍ക്കായി ഉച്ചത്തില്‍ `വണ്‍സ്‌ മോര്‍' വിളിച്ചു. ഇടവേളയില്‍ അഭിനേതാക്കള്‍ക്ക്‌ സോഡ വാങ്ങിക്കൊടുത്തു.
വെള്ളരി നാടകങ്ങളേയും ചവിട്ടു നാടകങ്ങളേയും കുതിരവട്ടത്തുകാര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. തിക്കോടിയനും ഉറൂബും കെ ടി മുഹമ്മദും ദേശപോഷിണിക്കായി നാടകങ്ങളെഴുതിയപ്പോള്‍ ദേശപോഷിണിക്ക്‌ മക്കളുടെ എണ്ണം കൂടി.
സ്‌ത്രീകള്‍ അരങ്ങിലെത്തി നോക്കാന്‍ പോലും മടിച്ചിരുന്ന കാലത്ത്‌ നെല്ലിക്കോട്‌ കോവളമെന്ന നടിയെ അരങ്ങിലേക്ക്‌ കൈപിടിച്ചുയര്‍ത്തി.
ബാലന്‍ കെ നായരും, നെല്ലിക്കോട്‌ ഭാസ്‌കരനും എം കുഞ്ഞാണ്ടിയും ശാന്താദേവിയുമെല്ലാം ദേശപോഷിണി കേന്ദ്ര കലാസമിതിയിലൂടെ നാടറിയുന്ന അഭിനേതാക്കളായി.
ഒരു കാലത്ത്‌ സ്ഥിരമായി കലാസമിതി നാടകങ്ങളുടെ കര്‍ട്ടന്‍ വലിക്കാരനായിരുന്ന പപ്പു കലാസമിതി നാടകങ്ങളിലൂടെ സിനിമയിലൂടെ മലയാളി മറക്കാത്ത നടനായ കുതിരവട്ടം പപ്പുവായി.
പുതിയ തലമുറയിലെ നാടകകൃത്തായ സതീഷ്‌ കെ സതീഷിലെത്തി നില്‍ക്കുന്നു ഈ വായനശാലയുടെ നാടകവുമായുള്ള ബന്ധം. കാലത്തിനൊപ്പം മാറാന്‍ മടികാട്ടാത്ത ദേശപോഷിണി ഇപ്പോള്‍ നാടകങ്ങള്‍ക്കൊപ്പം ഫിലിം ഫെസ്റ്റിവലുകളും സംഘടിപ്പിക്കുന്നു.
പുസ്‌തക കാറ്റലോഗിന്‌ പകരം കമ്പ്യൂട്ടര്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
ദേശപോഷിണി കമ്മ്യൂണിറ്റിഹാള്‍, നഴ്‌സറി ക്ലാസുകള്‍, നൃത്ത സംഗീത ക്ലാസുകള്‍, തുന്നല്‍ ക്ലാസുകള്‍, ചെസ്‌ പരിശീലനം, ദേശപോഷിണിക്കിപ്പോള്‍ ശാഖകള്‍ നിരവധിയാണ്‌.
വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സ്റ്റേജിനു പിറകിലേക്കു വന്ന്‌ സംഘാടകര്‍ക്ക്‌ വാങ്ങാന്‍ മറന്നു പോയ സംഭാവന ഒരല്‍പം പരിഭവത്തോടെ നല്‍കുന്ന നാട്ടുകാര്‍ ഉള്ളിടത്തോളം കാലം ദേശപോഷിണിക്ക്‌ പേടിക്കാനില്ല. ഇവര്‍ പകരുന്ന കരുത്തില്‍ ദേശപോഷിണി ശാഖകളിലൂടെ പടര്‍ന്നു പന്തലിക്കുക തന്നെ ചെയ്യും.

ഇന്ന്‌
ദേശപോഷിണിയുടെ സപ്‌തതി മന്ദിരത്തിന്റെ തറക്കല്ലിട്ടത്‌ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമയുടെ പങ്കാളിയായ ബി ഗിരിരാജാണ്‌. നാട്ടുകാരുടെ സ്വീകരണത്തിനു ശേഷം ദേശപോഷിണിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ ഉദ്‌ഘാടകന്‍ പോകാന്‍ നേരം പറഞ്ഞു.
ഇനി മുതല്‍ എല്ലാ വര്‍ഷവും ദേശപോഷിണിയുടെ ബാലസാഹിത്യവിഭാഗത്തിനായി 25000 രൂപ ഭീമഗ്രൂപ്പ്‌ നല്‍കും.