Thursday, July 31, 2008

വേലന്താവളവും റിലയന്‍സും തമ്മിലെന്താണ്‌ ബന്ധം?



കിടപ്പ്‌ പാലക്കാടാണെങ്കിലും പോകാനെളുപ്പമുള്ള നഗരം കൊയമ്പത്തൂരായ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നാണ്‌ വേലന്താവളം. കുമ്മായം പൂശിയ ചുമരുകളും പനയും പാടങ്ങളും കൃഷിയും കന്നുകാലിയും കാളവണ്ടികളുമെല്ലാമുള്ള കൊച്ചുഗ്രാമം. ഇവിടങ്ങളിലെ പനയോല മേഞ്ഞ ചായക്കടകളില്‍ ഇപ്പോഴും റേഡിയോ തമിഴ്‌ പാട്ടുകള്‍ക്കൊപ്പമാണ്‌ രാവിലെകളില്‍ നാട്ടുകാര്‍ ചായകുടിക്കാറ്‌.
വലിയ വലിയ കാര്യങ്ങള്‍ക്കൊപ്പം മാത്രം പറഞ്ഞു കേട്ടിട്ടുള്ള റിലയന്‍സിനെക്കുറിച്ച്‌ ഇപ്പോള്‍ വേലന്താവളത്തിനൊപ്പവും പറഞ്ഞു കേള്‍ക്കുന്നു. ഈ കൊച്ചു അതിര്‍ത്തി ഗ്രാമത്തില്‍ ആഗോളകുത്തക ഭീമനെന്താണ്‌ കാര്യമെന്ന സ്വാഭാവിക ചിന്തയും റിലയന്‍സ്‌ ചിന്തയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌.


റിലയന്‍സ്‌ വേലന്താവളം വഴി ലക്ഷ്യം വെക്കുന്നത്‌

ടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്തയുള്ളത്‌ വേലന്താവളത്തിലാണെന്ന്‌ മലയാളികളില്‍ പലര്‍ക്കുമറിയില്ല. എന്നാലത്‌ റിലയന്‍സിനറിയാം. ഇരുപതിലേറെ പച്ചക്കറിയിനങ്ങളാണ്‌ ഓരോ ദിവസവും ഇവിടെ വിറ്റു പോകാറുള്ളത്‌. കൂടാതെ ആഴ്‌ച്ചചന്തയില്‍ ഓരോ ഇനത്തിന്റേയും വില്‍പന 30 ടണ്ണിലേറെ വരും. ഇക്കാര്യങ്ങളറിഞ്ഞതുമുതലാണ്‌ റിലയന്‍സിന്റെ ചെറിയ ചെറിയ വലിയ ലക്ഷ്യങ്ങളിലൊന്നായി വേലന്താവളം ചന്തയും മാറിയത്‌.
ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ പച്ചക്കറികളും പഴങ്ങളും വാങ്ങുകയാണ്‌ റിലയന്‍സിന്റെ രീതി. വാളയാര്‍ ചന്തയില്‍ 13 പച്ചക്കറി മണ്ടിമാരാണുള്ളത്‌(മൊത്തവില്‍പ്പനക്കാര്‍). ഇവര്‍ കൃഷിക്കാര്‍ക്ക്‌ നല്‍കുന്നതിനേക്കാള്‍ കിലോക്ക്‌ ഒന്നോ രണ്ടോരൂപ അധികം നല്‍കാന്‍ തയ്യാറായിത്തന്നെയാണ്‌ റിലയന്‍സ്‌ വരുന്നത്‌. സ്വാഭാവികമായും വരുംകാലങ്ങളില്‍ കൃഷിക്കാര്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങള്‍ റിലയന്‍സിന്‌ നല്‍കാനാവും താത്‌പര്യം.
തുടര്‍വര്‍ഷങ്ങളില്‍ വിപണിക്ക്‌ എന്താണ്‌ ആവശ്യമെന്നും അതിനെന്താണ്‌ കൃഷിചെയ്യേണ്ടതെന്നുമുള്ള നിര്‍ദേശം കര്‍ഷകര്‍ക്ക്‌ നല്‍കുകയാണിപ്പോള്‍ റിലയന്‍സ്‌. ചില കര്‍ഷകര്‍ക്ക്‌ ഇവര്‍ രഹസ്യമായി വിത്തുകള്‍ പോലും നല്‍കി കഴിഞ്ഞെന്നാണ്‌ കേള്‍വി. റിലയന്‍സ്‌ ഇപ്പോള്‍ പയറ്റുന്നത്‌ വിപണി പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ മാത്രം.
ഇപ്പോള്‍ തന്നെ കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്ന ഭീമനായി റിലയന്‍സ്‌ മാറിയിട്ടുണ്ടെന്നത്‌ പരസ്യമായ രഹസ്യമാണ്‌.
പാലക്കാട്‌ മാത്രമല്ല ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്‌പാദിപ്പിക്കുന്ന എറണാകുളത്തെ വാഴക്കുളത്തുനിന്നുമെല്ലാം റിലയന്‍സ്‌ പച്ചക്കറികളും പഴങ്ങളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്‌. കൊച്ചിയില്‍ തന്നെ 200ലേറെ തൊഴിലാളികള്‍ ആവശ്യമായ ഒരു പഴം-പച്ചക്കറി സംസ്‌ക്കരണ യൂനിറ്റ്‌ തുടങ്ങാനും പദ്ധതിയുണ്ടെന്നാണ്‌ അണിയറ വര്‍ത്തമാനം.


കേരളത്തില്‍ നിന്ന്‌ റിലയന്‍സ്‌ പഠിച്ച പാഠം

നിലവില്‍ കേരളത്തിലാകെ റിലയന്‍സിന്‌ 18 പഴം പച്ചക്കറി വില്‍പനശാലകളാണുള്ളത്‌. ഇത്രയേറെ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും റിലയന്‍സ്‌ നടത്തുന്നത്‌്‌ ഈ വില്‍പനശാലകളെ മാത്രം മുന്നില്‍ കണ്ടാണോ? ഉത്തരം അല്ലെന്നു തന്നെ. കേരളത്തില്‍ 120 പഴം-പച്ചക്കറി വില്‍പനശാലകള്‍ തുടങ്ങുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ റിലയന്‍സ്‌ പണ്ടു തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. ഈ മാവിനെ ലക്ഷ്യംവെച്ചു തന്നെയാണ്‌ റിലയന്‍സ്‌ ഏറുതുടങ്ങിയിരിക്കുന്നതെന്ന്‌ ചുരുക്കം.
റിലയന്‍സ്‌ തുടങ്ങിയിട്ടേയുള്ളൂ. 2007 ജൂണില്‍ കേരളത്തിലെ ആദ്യത്തെ പഴം-പച്ചക്കറി വില്‍പനശാല തുടങ്ങിയപ്പോള്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ ഒന്നാം പാഠമായിത്തന്നെയാണ്‌ എടുത്തിരിക്കുന്നത്‌. യാതൊരു വിധകൊട്ടിഘോഷങ്ങളുമില്ലാതെ നിശബ്‌ദമായി വേണം പ്രവര്‍ത്തിക്കാനെന്നതാണ്‌ റിലയന്‍സ്‌ കേരളത്തില്‍ നിന്നും പഠിച്ച ഒന്നാം പാഠം.

Wednesday, July 30, 2008

നോള്‍ ആരുടെ സന്തതി





നെറ്റിലെ വമ്പന്‍മാര്‍ക്കിടയിലെ കിടമത്സരങ്ങള്‍ക്കിടയില്‍ ആര്‍ക്കും വിവരങ്ങള്‍ സംഭാവന നല്‍കാവുന്ന സേര്‍ച്ച്‌ എഞ്ചിന്‍ തുടങ്ങാന്‍ പോകുന്നു എന്ന്‌ ആദ്യമായി വെടി പൊട്ടിച്ചത്‌ വിക്കിപീഡിയയുടെ കണ്ടുപിടുത്തക്കാരിലൊരാളായ ജിമ്മി വെയില്‍സാണ്‌. ഇതിന്റെ സെര്‍ച്ചിംഗ്‌ അല്‍ഗോരിതവും പരസ്യമായിരിക്കുമെന്ന ഗൂഗിളിനുള്ള ഒരു കൊട്ടും വെയില്‍സ്‌ ഒപ്പം ചേര്‍ത്തിരുന്നു. ഇപ്പോഴും ഗൂഗിള്‍ അവരുടെ സെര്‍ച്ചിംഗ്‌ അല്‍ഗോരിതം രഹസ്യമാക്കി വെച്ചിരിക്കുകയാണ്‌.
അങ്ങനെ വെല്ലുവിളി ഏറ്റെടുത്ത ഗൂഗിള്‍ 2007 ഡിസംബര്‍ 31ന്‌ നോളി(Knol)നെക്കുറിച്ച്‌ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ വിക്കിപീഡിയയിലേക്കും വിക്കിയിലേക്കുമുള്ള പോക്കുവരവ്‌ കുറക്കുക തന്നെയാണ്‌ നോളിന്റെ ലക്ഷ്യമെന്നത്‌ വ്യക്തമാണ്‌.
അതുകൊണ്ടുതന്നെ ഗൂഗിളും(Google) വിക്കിപീഡിയയുടെ(Wikipedia) ഉടമസ്ഥരായ വിക്കിയും തമ്മിലുള്ള മത്സരത്തിലെ സന്തതിയെന്ന്‌ നോളിനെ വിശേഷിപ്പിക്കാം.

നോള്‍= വിജ്ഞാനത്തിന്റെ തുണ്ടുകഷണം

വിവരങ്ങളുടെ ചെറിയ ചെറിയ രൂപങ്ങള്‍ എന്നാണ്‌ ഗൂഗിള്‍ തന്നെ നോളിനെ വിശേഷിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ തിരയുന്ന വിവരങ്ങളെ ആദ്യമായി ആധികാരികതയില്‍ നല്‍കുമെന്നതാണ്‌ ഗൂഗിളിന്റെ വാഗ്‌ദാനം. ഇക്കഴിഞ്ഞ ജൂലൈ 23 മുതല്‍ നോള്‍ ഇന്റര്‍നെറ്റില്‍ സജീവമായി.
വിഷയം ഏതുമാകട്ടെ ആഴത്തിലും ആധികാരികതയോടെയും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവരെയാണ്‌ ഗൂഗിളും നോളും ലക്ഷ്യം വെക്കുന്നത്‌. നോളില്‍ എഴുതുന്നയാള്‍ക്ക്‌ ബ്ലോഗിലേതുപോലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി റഫറന്‍സുകളും ലിങ്കുകളും ചേര്‍ക്കാം. ഗൂഗിള്‍ ആഡ്‌സ്‌ വഴി പരസ്യമിട്ട്‌ വരുമാനമുണ്ടാക്കാനും സൗകര്യമുണ്ട്‌. പക്ഷേ ബ്ലോഗിലേതുപോലെ സ്വയം വെളിപ്പെടുത്താതിരിക്കുന്നതിന്‌ നോളില്‍ കഴിയില്ല.
രചയിതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ വിശ്വാസ്യത കൂടുമെന്നാണ്‌ ഗൂഗിള്‍ കരുതുന്നത്‌. ഐ പി അഡ്രസുള്ള ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാനും വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുമാകും. ഇതാണ്‌ വിക്കിപീഡിയയുടെ പ്രധാന ഗുണവും പോരായ്‌മയും. നോളിലും വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ സൗകര്യമുണ്ട്‌. അതോടൊപ്പം വായനക്കാര്‍ക്ക്‌ അഭിപ്രായങ്ങള്‍ പറയുന്നതിനും ചോദ്യം ചോദിക്കുന്നതിനുമെല്ലാം സ്വാതന്ത്ര്യമുണ്ട്‌.

നോളിന്റെ പ്രചാരം കൂട്ടാന്‍ ഗൂഗിള്‍ കളിക്കുന്നുണ്ടോ?
തിനിടെ നോളിന്റെ പ്രചാരം കൂട്ടുന്നതിന്‌ ഗൂഗിള്‍ കളിക്കുന്നുണ്ടെന്ന ആരോപണവും ശക്തിയായിട്ടുണ്ട്‌. നോളില്‍ അവതരിപ്പിച്ചിട്ടുള്ള വിഷയങ്ങള്‍ ഗൂഗുളില്‍ തിരയുമ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതാണ്‌ ആരോപണം. നോളിലെ പ്രധാനപ്പെട്ട മുപ്പത്‌ ലേഖനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ മൂന്നിലൊന്നും ആദ്യ പത്തിനുള്ളിലോ സെര്‍ച്ച്‌ ഫലത്തിന്റെ ആദ്യ പേജിലോ ഉണ്ടായിരുന്നു. ഇതില്‍ ഒരൊറ്റ ബാക്ക്‌ ലിങ്കുപോലുമില്ലാത്ത ലേഖനങ്ങളുമുണ്ട്‌. ഒരു വിഷയത്തിനായി ഗൂഗിളില്‍ തിരഞ്ഞാല്‍ പതിനായിരക്കണക്കിന്‌ ഫലങ്ങളാണ്‌ ലഭിക്കുകയെന്ന്‌ നമുക്കറിയാം. മറ്റുത്‌പന്നങ്ങളെ പോലെ കാര്യമായി പ്രചാരണമൊന്നും നടത്താതെയാണ്‌ ഗൂഗിള്‍ നോളും തുടങ്ങിയിരിക്കുന്നത്‌. എന്നാല്‍ പിന്‍വഴി പ്രവര്‍ത്തനങ്ങള്‍ നോളിനായി ഗൂഗിള്‍ നടത്തുന്നുണ്ടോ എന്നതു മാത്രമാണ്‌ സംശയം.

അത്രയെളുപ്പം വിക്കിപീഡിയ വഴിമാറുമോ?
ടമസ്ഥരായ വിക്കിയുടെ Wiki യും കൂടെ encyclopedia യും ചേര്‍ന്നാണ്‌ വിക്കിപീഡിയ എന്ന പേരുണ്ടാകുന്നത്‌. 2001 ല്‍ പിറന്ന വിക്കിപീഡിയയുടെ ജീവന്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ വാളണ്ടിയേഴ്‌സിലാണ്‌. ഇവരാണ്‌ വിക്കിപീഡിയയിലെ വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നത്‌.
ഈ വിവരങ്ങള്‍ തിരയുന്നയിനായി ഈ വര്‍ഷം മാത്രം ഇതുവരെ 684 മില്ല്യണിലേറെ പേരാണ്‌ വിക്കിപീഡിയ സന്ദര്‍ശിച്ചത്‌. ഭൂലോകത്തിനു മുകളിലും താഴെയുമുള്ള വിവിധ വിഷയങ്ങളിലായി 250ലേറെ ഭാഷയില്‍ ഒരു കോടിയിലേറെ വിവരശേഖരണങ്ങളാണ്‌ വിക്കിപീഡിയയിലുള്ളത്‌. ഇംഗ്ലീഷില്‍ മാത്രം 24.73 ലക്ഷത്തിലേറെ ലേഖനങ്ങളുണ്ട്‌.
ഇത്രയെല്ലാം പിന്‍ബലമുള്ള വിക്കിപീഡിയയെ തകര്‍ക്കുക എളുപ്പമാണോ? ഗൂഗിളിന്റെ മുന്‍കാല ചരിത്രംവെച്ച്‌ നോള്‍ അത്ര എളുപ്പത്തില്‍ തോല്‍ക്കുന്നതിനും സാധ്യതയില്ല. ഒരൊറ്റ പരസ്യം പോലുമില്ലാതെയാണ്‌ ജി മെയിലും, ഗൂഗിള്‍ എര്‍ത്തും, ഓര്‍ക്കുട്ടുമെല്ലാം നെറ്റിലെ ഹിറ്റുകളായത്‌. ആ പരമ്പരയിലേക്കാണ്‌ നോളിന്റെയും വരവ്‌.
ഗൂഗിളിന്റെ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌ ഗൂഗിള്‍ എന്ന അവരുടെ സെര്‍ച്ച്‌ എഞ്ചിന്‍ തന്നെയാണ്‌. ഗൂഗിള്‍ കളിച്ചാലും ഇല്ലെങ്കിലും അവരുടെ സെര്‍ച്ചിംഗ്‌ റിസള്‍ട്ടുകളില്‍ കയറിക്കൂടിയാല്‍ നോളിന്റെ പ്രചാരം കൂടുമെന്നതില്‍ സംശയമില്ല. ഇനിയുള്ള ഗൂഗിള്‍ സെര്‍ച്ചുകള്‍ക്കിടയില്‍ നമുക്ക്‌ നോളിനെക്കൂടി പ്രതീക്ഷിക്കാം.

Sunday, July 20, 2008

നമ്മുടെ എം പിമാരുടെ വിലനിലവാര സൂചിക


രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ എല്ലാക്കാലത്തും രാജ്യങ്ങളിലെ വിപണികളെ കാര്യമായി ബാധിക്കാറുണ്ട്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇടതുകക്ഷികള്‍ ഇക്കഴിഞ്ഞ ജൂലൈ എട്ടിന്‌ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ ജൂലൈ 22ന്‌ വിശ്വാസവോട്ടിന്റെ ഭീക്ഷണിയെ നേരിടാനൊരുങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. സ്വാഭാവികമായും രാജ്യത്തെ വ്യാപാര പര്യായങ്ങളായ അംബാനിമാരെയും ആണവകരാറിനെ തുടര്‍ന്നുണ്ടായ സൂചികയിടിവുകളും കാര്യമായി ബാധിച്ചിട്ടുണ്ട്‌.
തുടക്കം മുതലേ രാഷ്‌ട്രീയക്കാരെ ചേര്‍ത്തു നിര്‍ത്തി വളര്‍ന്ന പാരമ്പര്യമാണ്‌ അംബാനിമാര്‍ക്കുള്ളത്‌. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന വിമത എം പി മുനവ്വര്‍ ഹസന്‍ വെളിപ്പെടുത്തിയതു പോലെ 25 കോടി മാത്രമല്ല അതിലധികം നല്‍കാന്‍ ഇന്ത്യന്‍ കുത്തകകള്‍ തയ്യാറാണ്‌. കാരണം നിലവിലെ കമ്പോളത്തിന്റെ പൊതുവിശ്വാസ പ്രകാരം മന്‍മോഹന്‍ സര്‍ക്കാരിന്‌ വിശ്വാസവോട്ട്‌ നേടുന്നതുവഴി ശ്വാസം നീട്ടിക്കിട്ടിയാല്‍ വിപണി സൂചികകള്‍ കുത്തനെ ഉയരും.
നിലവിലെ ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തില്‍ നഷ്‌ടം പറ്റിയിരിക്കുന്ന കുത്തകകളുടെ പ്രധാന പ്രതീക്ഷയാണിത്‌. ഇക്കഴിഞ്ഞ ജനുവരി എട്ടിന്‌ സെന്‍സെക്‌സ്‌ എക്കാലത്തേയും ഉയര്‍ന്ന സൂചികയായ 21000 പോയിന്റ്‌ കവിഞ്ഞപ്പോള്‍ അംബാനി കുടുംബത്തിന്റെ സമ്പത്ത്‌ 5,66,830 കോടിയായിരുന്നു. ആ സുവര്‍ണ കാലത്താണ്‌ അംബാനിമാര്‍ ലോകസമ്പന്ന പട്ടികയില്‍ ബില്‍ഗ്രേറ്റ്‌സിനൊപ്പമെത്തിയത്‌.
ഇന്ന്‌ കഥമാറിയിരിക്കുന്നു, സെന്‍സെക്‌സ്‌ 35ശതമാനം ഇടിഞ്ഞ്‌ 13,500 പോയിന്റിന്‌ താഴെയെത്തി. അംബാനി കുടുംബത്തിന്റെ കോടികളുടെ കണക്ക്‌ 3,31,215ലേക്ക്‌ താഴ്‌ന്നു. ഏറ്റവും ഇടിവു വന്നത്‌ അനിയന്‍ അംബാനിക്കാണ്‌. അദ്ദേഹത്തിന്റെ സമ്പാദ്യം 2,53,567 കോടിയില്‍ നിന്ന്‌ 1,15,877കോടിയായി. സമ്പാദ്യത്തില്‍ 54ശതമാനത്തിന്റെ കുറവ്‌.
ഇന്ത്യന്‍ വിപണിയുടെ ഉഷാറുകാലത്ത്‌ 20,000 കോടി വീതമാണ്‌ അംബാനിമാര്‍ തങ്ങളുടെ അക്കൗണ്ടുകളിലാക്കിയിരുന്നത്‌. അതായത്‌ നല്ലകാലത്തെ ദിവസസമ്പാദ്യത്തിന്റെ എണ്ണൂറില്‍ ഒന്നുമാത്രമാണ്‌ അംബാനി ഒരു എം പി ക്ക്‌ വിലയിട്ടിരിക്കുന്നത്‌. ഒറ്റ നോട്ടത്തിലെ 25 കോടിയുടെ വലിപ്പം വിശദമായ നോട്ടത്തില്‍ ഒന്നുമില്ലാതെയാകുന്നത്‌ ഇവിടെയാണ്‌. പിന്നെ ഇതൊന്നും വെറുതെയല്ലല്ലോ വിപണി ഉഷാറാകുമ്പോള്‍ എണ്ണമില്ലാത്ത കോടികള്‍ വാരാമല്ലോ.