Wednesday, July 30, 2008

നോള്‍ ആരുടെ സന്തതി





നെറ്റിലെ വമ്പന്‍മാര്‍ക്കിടയിലെ കിടമത്സരങ്ങള്‍ക്കിടയില്‍ ആര്‍ക്കും വിവരങ്ങള്‍ സംഭാവന നല്‍കാവുന്ന സേര്‍ച്ച്‌ എഞ്ചിന്‍ തുടങ്ങാന്‍ പോകുന്നു എന്ന്‌ ആദ്യമായി വെടി പൊട്ടിച്ചത്‌ വിക്കിപീഡിയയുടെ കണ്ടുപിടുത്തക്കാരിലൊരാളായ ജിമ്മി വെയില്‍സാണ്‌. ഇതിന്റെ സെര്‍ച്ചിംഗ്‌ അല്‍ഗോരിതവും പരസ്യമായിരിക്കുമെന്ന ഗൂഗിളിനുള്ള ഒരു കൊട്ടും വെയില്‍സ്‌ ഒപ്പം ചേര്‍ത്തിരുന്നു. ഇപ്പോഴും ഗൂഗിള്‍ അവരുടെ സെര്‍ച്ചിംഗ്‌ അല്‍ഗോരിതം രഹസ്യമാക്കി വെച്ചിരിക്കുകയാണ്‌.
അങ്ങനെ വെല്ലുവിളി ഏറ്റെടുത്ത ഗൂഗിള്‍ 2007 ഡിസംബര്‍ 31ന്‌ നോളി(Knol)നെക്കുറിച്ച്‌ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ വിക്കിപീഡിയയിലേക്കും വിക്കിയിലേക്കുമുള്ള പോക്കുവരവ്‌ കുറക്കുക തന്നെയാണ്‌ നോളിന്റെ ലക്ഷ്യമെന്നത്‌ വ്യക്തമാണ്‌.
അതുകൊണ്ടുതന്നെ ഗൂഗിളും(Google) വിക്കിപീഡിയയുടെ(Wikipedia) ഉടമസ്ഥരായ വിക്കിയും തമ്മിലുള്ള മത്സരത്തിലെ സന്തതിയെന്ന്‌ നോളിനെ വിശേഷിപ്പിക്കാം.

നോള്‍= വിജ്ഞാനത്തിന്റെ തുണ്ടുകഷണം

വിവരങ്ങളുടെ ചെറിയ ചെറിയ രൂപങ്ങള്‍ എന്നാണ്‌ ഗൂഗിള്‍ തന്നെ നോളിനെ വിശേഷിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ തിരയുന്ന വിവരങ്ങളെ ആദ്യമായി ആധികാരികതയില്‍ നല്‍കുമെന്നതാണ്‌ ഗൂഗിളിന്റെ വാഗ്‌ദാനം. ഇക്കഴിഞ്ഞ ജൂലൈ 23 മുതല്‍ നോള്‍ ഇന്റര്‍നെറ്റില്‍ സജീവമായി.
വിഷയം ഏതുമാകട്ടെ ആഴത്തിലും ആധികാരികതയോടെയും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവരെയാണ്‌ ഗൂഗിളും നോളും ലക്ഷ്യം വെക്കുന്നത്‌. നോളില്‍ എഴുതുന്നയാള്‍ക്ക്‌ ബ്ലോഗിലേതുപോലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി റഫറന്‍സുകളും ലിങ്കുകളും ചേര്‍ക്കാം. ഗൂഗിള്‍ ആഡ്‌സ്‌ വഴി പരസ്യമിട്ട്‌ വരുമാനമുണ്ടാക്കാനും സൗകര്യമുണ്ട്‌. പക്ഷേ ബ്ലോഗിലേതുപോലെ സ്വയം വെളിപ്പെടുത്താതിരിക്കുന്നതിന്‌ നോളില്‍ കഴിയില്ല.
രചയിതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ വിശ്വാസ്യത കൂടുമെന്നാണ്‌ ഗൂഗിള്‍ കരുതുന്നത്‌. ഐ പി അഡ്രസുള്ള ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാനും വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുമാകും. ഇതാണ്‌ വിക്കിപീഡിയയുടെ പ്രധാന ഗുണവും പോരായ്‌മയും. നോളിലും വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ സൗകര്യമുണ്ട്‌. അതോടൊപ്പം വായനക്കാര്‍ക്ക്‌ അഭിപ്രായങ്ങള്‍ പറയുന്നതിനും ചോദ്യം ചോദിക്കുന്നതിനുമെല്ലാം സ്വാതന്ത്ര്യമുണ്ട്‌.

നോളിന്റെ പ്രചാരം കൂട്ടാന്‍ ഗൂഗിള്‍ കളിക്കുന്നുണ്ടോ?
തിനിടെ നോളിന്റെ പ്രചാരം കൂട്ടുന്നതിന്‌ ഗൂഗിള്‍ കളിക്കുന്നുണ്ടെന്ന ആരോപണവും ശക്തിയായിട്ടുണ്ട്‌. നോളില്‍ അവതരിപ്പിച്ചിട്ടുള്ള വിഷയങ്ങള്‍ ഗൂഗുളില്‍ തിരയുമ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതാണ്‌ ആരോപണം. നോളിലെ പ്രധാനപ്പെട്ട മുപ്പത്‌ ലേഖനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ മൂന്നിലൊന്നും ആദ്യ പത്തിനുള്ളിലോ സെര്‍ച്ച്‌ ഫലത്തിന്റെ ആദ്യ പേജിലോ ഉണ്ടായിരുന്നു. ഇതില്‍ ഒരൊറ്റ ബാക്ക്‌ ലിങ്കുപോലുമില്ലാത്ത ലേഖനങ്ങളുമുണ്ട്‌. ഒരു വിഷയത്തിനായി ഗൂഗിളില്‍ തിരഞ്ഞാല്‍ പതിനായിരക്കണക്കിന്‌ ഫലങ്ങളാണ്‌ ലഭിക്കുകയെന്ന്‌ നമുക്കറിയാം. മറ്റുത്‌പന്നങ്ങളെ പോലെ കാര്യമായി പ്രചാരണമൊന്നും നടത്താതെയാണ്‌ ഗൂഗിള്‍ നോളും തുടങ്ങിയിരിക്കുന്നത്‌. എന്നാല്‍ പിന്‍വഴി പ്രവര്‍ത്തനങ്ങള്‍ നോളിനായി ഗൂഗിള്‍ നടത്തുന്നുണ്ടോ എന്നതു മാത്രമാണ്‌ സംശയം.

അത്രയെളുപ്പം വിക്കിപീഡിയ വഴിമാറുമോ?
ടമസ്ഥരായ വിക്കിയുടെ Wiki യും കൂടെ encyclopedia യും ചേര്‍ന്നാണ്‌ വിക്കിപീഡിയ എന്ന പേരുണ്ടാകുന്നത്‌. 2001 ല്‍ പിറന്ന വിക്കിപീഡിയയുടെ ജീവന്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ വാളണ്ടിയേഴ്‌സിലാണ്‌. ഇവരാണ്‌ വിക്കിപീഡിയയിലെ വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നത്‌.
ഈ വിവരങ്ങള്‍ തിരയുന്നയിനായി ഈ വര്‍ഷം മാത്രം ഇതുവരെ 684 മില്ല്യണിലേറെ പേരാണ്‌ വിക്കിപീഡിയ സന്ദര്‍ശിച്ചത്‌. ഭൂലോകത്തിനു മുകളിലും താഴെയുമുള്ള വിവിധ വിഷയങ്ങളിലായി 250ലേറെ ഭാഷയില്‍ ഒരു കോടിയിലേറെ വിവരശേഖരണങ്ങളാണ്‌ വിക്കിപീഡിയയിലുള്ളത്‌. ഇംഗ്ലീഷില്‍ മാത്രം 24.73 ലക്ഷത്തിലേറെ ലേഖനങ്ങളുണ്ട്‌.
ഇത്രയെല്ലാം പിന്‍ബലമുള്ള വിക്കിപീഡിയയെ തകര്‍ക്കുക എളുപ്പമാണോ? ഗൂഗിളിന്റെ മുന്‍കാല ചരിത്രംവെച്ച്‌ നോള്‍ അത്ര എളുപ്പത്തില്‍ തോല്‍ക്കുന്നതിനും സാധ്യതയില്ല. ഒരൊറ്റ പരസ്യം പോലുമില്ലാതെയാണ്‌ ജി മെയിലും, ഗൂഗിള്‍ എര്‍ത്തും, ഓര്‍ക്കുട്ടുമെല്ലാം നെറ്റിലെ ഹിറ്റുകളായത്‌. ആ പരമ്പരയിലേക്കാണ്‌ നോളിന്റെയും വരവ്‌.
ഗൂഗിളിന്റെ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌ ഗൂഗിള്‍ എന്ന അവരുടെ സെര്‍ച്ച്‌ എഞ്ചിന്‍ തന്നെയാണ്‌. ഗൂഗിള്‍ കളിച്ചാലും ഇല്ലെങ്കിലും അവരുടെ സെര്‍ച്ചിംഗ്‌ റിസള്‍ട്ടുകളില്‍ കയറിക്കൂടിയാല്‍ നോളിന്റെ പ്രചാരം കൂടുമെന്നതില്‍ സംശയമില്ല. ഇനിയുള്ള ഗൂഗിള്‍ സെര്‍ച്ചുകള്‍ക്കിടയില്‍ നമുക്ക്‌ നോളിനെക്കൂടി പ്രതീക്ഷിക്കാം.

No comments: