Sunday, July 20, 2008

നമ്മുടെ എം പിമാരുടെ വിലനിലവാര സൂചിക


രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ എല്ലാക്കാലത്തും രാജ്യങ്ങളിലെ വിപണികളെ കാര്യമായി ബാധിക്കാറുണ്ട്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇടതുകക്ഷികള്‍ ഇക്കഴിഞ്ഞ ജൂലൈ എട്ടിന്‌ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ ജൂലൈ 22ന്‌ വിശ്വാസവോട്ടിന്റെ ഭീക്ഷണിയെ നേരിടാനൊരുങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. സ്വാഭാവികമായും രാജ്യത്തെ വ്യാപാര പര്യായങ്ങളായ അംബാനിമാരെയും ആണവകരാറിനെ തുടര്‍ന്നുണ്ടായ സൂചികയിടിവുകളും കാര്യമായി ബാധിച്ചിട്ടുണ്ട്‌.
തുടക്കം മുതലേ രാഷ്‌ട്രീയക്കാരെ ചേര്‍ത്തു നിര്‍ത്തി വളര്‍ന്ന പാരമ്പര്യമാണ്‌ അംബാനിമാര്‍ക്കുള്ളത്‌. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവന്ന വിമത എം പി മുനവ്വര്‍ ഹസന്‍ വെളിപ്പെടുത്തിയതു പോലെ 25 കോടി മാത്രമല്ല അതിലധികം നല്‍കാന്‍ ഇന്ത്യന്‍ കുത്തകകള്‍ തയ്യാറാണ്‌. കാരണം നിലവിലെ കമ്പോളത്തിന്റെ പൊതുവിശ്വാസ പ്രകാരം മന്‍മോഹന്‍ സര്‍ക്കാരിന്‌ വിശ്വാസവോട്ട്‌ നേടുന്നതുവഴി ശ്വാസം നീട്ടിക്കിട്ടിയാല്‍ വിപണി സൂചികകള്‍ കുത്തനെ ഉയരും.
നിലവിലെ ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തില്‍ നഷ്‌ടം പറ്റിയിരിക്കുന്ന കുത്തകകളുടെ പ്രധാന പ്രതീക്ഷയാണിത്‌. ഇക്കഴിഞ്ഞ ജനുവരി എട്ടിന്‌ സെന്‍സെക്‌സ്‌ എക്കാലത്തേയും ഉയര്‍ന്ന സൂചികയായ 21000 പോയിന്റ്‌ കവിഞ്ഞപ്പോള്‍ അംബാനി കുടുംബത്തിന്റെ സമ്പത്ത്‌ 5,66,830 കോടിയായിരുന്നു. ആ സുവര്‍ണ കാലത്താണ്‌ അംബാനിമാര്‍ ലോകസമ്പന്ന പട്ടികയില്‍ ബില്‍ഗ്രേറ്റ്‌സിനൊപ്പമെത്തിയത്‌.
ഇന്ന്‌ കഥമാറിയിരിക്കുന്നു, സെന്‍സെക്‌സ്‌ 35ശതമാനം ഇടിഞ്ഞ്‌ 13,500 പോയിന്റിന്‌ താഴെയെത്തി. അംബാനി കുടുംബത്തിന്റെ കോടികളുടെ കണക്ക്‌ 3,31,215ലേക്ക്‌ താഴ്‌ന്നു. ഏറ്റവും ഇടിവു വന്നത്‌ അനിയന്‍ അംബാനിക്കാണ്‌. അദ്ദേഹത്തിന്റെ സമ്പാദ്യം 2,53,567 കോടിയില്‍ നിന്ന്‌ 1,15,877കോടിയായി. സമ്പാദ്യത്തില്‍ 54ശതമാനത്തിന്റെ കുറവ്‌.
ഇന്ത്യന്‍ വിപണിയുടെ ഉഷാറുകാലത്ത്‌ 20,000 കോടി വീതമാണ്‌ അംബാനിമാര്‍ തങ്ങളുടെ അക്കൗണ്ടുകളിലാക്കിയിരുന്നത്‌. അതായത്‌ നല്ലകാലത്തെ ദിവസസമ്പാദ്യത്തിന്റെ എണ്ണൂറില്‍ ഒന്നുമാത്രമാണ്‌ അംബാനി ഒരു എം പി ക്ക്‌ വിലയിട്ടിരിക്കുന്നത്‌. ഒറ്റ നോട്ടത്തിലെ 25 കോടിയുടെ വലിപ്പം വിശദമായ നോട്ടത്തില്‍ ഒന്നുമില്ലാതെയാകുന്നത്‌ ഇവിടെയാണ്‌. പിന്നെ ഇതൊന്നും വെറുതെയല്ലല്ലോ വിപണി ഉഷാറാകുമ്പോള്‍ എണ്ണമില്ലാത്ത കോടികള്‍ വാരാമല്ലോ.

No comments: