Thursday, February 21, 2008
പൂക്കളും പൂക്കാലവും ഒഴിയാതെ ഒരു മാടായിപ്പാറ
ഇതൊരു പാറയാണ് ...
എഴുനൂറ് ഏക്കറിലേറെയായീ പരന്നു കിടക്കുന്ന ഒരു പാറ,
ജന്മദേശം കണ്ണൂരിലെ പഴയങ്ങാടിക്കടുത്ത്...
പേര് മാടായി പാറ. സാധിക്കുമെങ്കില്‍ നിങ്ങളും അവിടേക്കൊന്നു പോകണം, ചിലപ്പോള്‍ പല സങ്കല്‍പ്പങ്ങളും മാറിയേക്കാം... എന്നെപ്പോലെ,
എനിക്ക് ഇതുവരെ കാണാത്ത മഴയെകൂട്ടു കിട്ടിയത് അവിടെനിന്നാണ്, ചന്തമേറെയുള്ള കുളങ്ങളെ കണ്ടത് അവിടെ നിന്നാണ്, ശലഭങ്ങളുടെ ചിത്രങ്ങള്‍ക്കപ്പുറത്തേക്ക് ശ്രദ്ധ പോയി തുടങ്ങിയതും ഈ പാറക്കു മുകളില്‍ നിന്നു തന്നെ.
ഇവിടുത്തെ കാഴ്ച്ചകള്‍ക്കും കുളത്തിനും മഴക്കും എന്തിന് കാറ്റിനു പോലും വൃത്തിയുണ്ട് നിങ്ങള്‍ വൃത്തിയെ സ്നേഹിക്കുന്നയാളാണെങ്കില് തീര്‍ച്ചയായും മാടായിപാറ കാണാതിരിക്കരുത്.,
പച്ചിരുമ്പ് ഉരുക്കിയൊഴിച്ചത് തുരുമ്പിച്ചതുപോലുള്ള നിറമാണ് ചെങ്കല്‍ കുന്നായ മാടായിപ്പാറക്ക്. പൊതുവെ തരിശുനിലങ്ങളായ്ി കരുതിപ്പോരുന്ന മാടായിപാറയടക്കമുള്ള ചെങ്കല്കുന്നുകളെല്ലാം ജൈവവൈവിധ്യത്തിന്റെ നിലവറകളാണ് എന്നതാണ് സത്യം.കാറ്റും വെയിലും മഴയും മാത്രമല്ല പൂക്കളും പൂമ്പാറ്റകളും നിറഞ്ഞതാണ് മാടായി പാറ.
പാറക്കു മുകളില്‍ ഉണങ്ങിക്കിടക്കുന്ന പുല്‍വിത്തുകള്‍ പുതുമഴയില്‍ കിളിര്‍ത്തു തുടങ്ങുന്നതോടെയാണ് മാടായിപ്പാറയിലെ പൂക്കാലം തുടങ്ങുക. അപ്പോള്‍ മാടായിപ്പാറക്ക് പിങ്ക് നിറമാണ്. മഴ കനക്കുന്നതോടെ മാടായിപ്പാറ നീലയാവും. പാറയിടുക്കുകളില്‍ കാണുന്ന വെള്ളി നിറത്തിലുള്ള കുഞ്ഞു പാറപ്പൂക്കളും, അസഹ്യമായ മണത്തോടെ വൈകുന്നേരങ്ങളില്‍ മാത്രം വിരിയുന്ന വെളുത്ത കോളാമ്പി പൂക്കള്‍ നിറഞ്ഞ കള്ളിച്ചെടികളും, കൃഷ്ണപ്പൂവും, കണ്ണാന്തളിയും മെല്ലാം പൂക്കുന്നത് ഈ പാറക്കു മുകളില്‍ തന്നെ...
വളരെ പെട്ടെന്നാണ് ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാവുക. രണ്ടോ മൂന്നോ ദിവസത്തെ വെയിലു മതി ഈ പൂക്കളെയെല്ലാം കരിച്ചു കളയാന്‍. പുറകേ വരുന്ന മഴയുടെ മൂന്നാംപക്കം പുതിയ പൂക്കളുമായി മാടായിപാറ മറ്റൊരു നിറത്തിലായിട്ടുണ്ടാവും. കടുത്ത വേനല്‍ തുടങ്ങുന്നതുവരെ ഈ പൂക്കളമിടലും മായ്ക്കലും തുടര്‍ന്നു കൊണ്ടേയിരിക്കും. പൂക്കള്‍ നിറഞ്ഞ മാടായിപ്പാറയില്‍ നിത്യ സന്ദര്‍ശ്ശകരാണ് പൂമ്പാറ്റകള്‍.
എവിടെയും നില്‍ക്കാതെ ഇളം നീല വരയുള്ള ചിറകുകളുമായി പാറിനടക്കുന്ന നാടോടി ശലഭവും, എരിക്കിന്റെ വിഷാംശവുമായി ധൈര്യത്തില്‍ പറക്കുന്ന എരിക്കു തപ്പിയും, പൊന്തകള്‍ക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന പൊന്തച്ചുറ്റനും, സ്വര്‍ണ്ണച്ചിറകുകളുള്ള വലിയ ഗരുഡശലഭവും ഇരിക്കപ്പൊറുതിയില്ലാതെ വാലും വിറപ്പിച്ചു പറക്കുന്ന വിറവാലനുമടക്കം 113ഇനം ചിത്രശലഭങ്ങളാണ് മാടായിപാറക്കുമുകളിലുള്ളത്. 27ഇനം തുമ്പികളും ഇവിടെയുണ്ട്. നിത്യഹരിതവനമായ സൈലന്റ് വാലി കഴിഞ്ഞാല്‍ ഏറ്റവും കൂടൂതല്‍ ചിത്രശലഭങ്ങളെ കാണാനാവുക തരിശുഭൂമിയെന്നു കരുതുന്ന ഈ ചെങ്കല്‍ക്കുന്നിനു മുകളിലാവും.
ചെങ്കല്ലു തുരന്നെടുത്ത് നിര്‍മ്മിച്ച ഒരു ജൂതക്കുളം ഭൂതകാലത്തിന്റെ അവശേഷിപ്പെന്നോണം ഇപ്പോഴും മാടായിക്കുമുകളിലുണ്ട്. വാല്‍ക്കണ്ണാടിയുടെആകൃതിയാണ് ഈ ജൂതക്കുളത്തിന്.മാടായിപ്പാറയുടെ മറ്റൊരു കോണില്‍ ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന കുളമാണ് വടുകുന്ദ ക്ഷേത്രക്കുളം. മകളായ ഭദ്രകാളിക്ക് കുളിക്കാനായി പരമശിവന് തന്റെ ശൂലം കൊണ്ട് കുത്തിയെടുത്തതാണ് ഈ കുളമെന്നാണ് ഐതിഹ്യം. മൂന്നാമത്തെ വലിയ കുളം മാടായിപ്പാറയുടെ എല്ലാ സൗന്ദര്യത്തേയും അലിയിച്ചെടുത്ത മാടായിക്കുളമാണ്.
എന്റെ ഹൃദയത്തില്‍ തറച്ച നിരവധി ഫ്രയിമുകളാണ് മാടായിപ്പാറ. അതിനെ വിരലുകൊണ്ടടയാളപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടും ഞാനാ വിഡ്ഢിത്തത്തിനു മുതിരുന്നു.....
Subscribe to:
Post Comments (Atom)
5 comments:
ശ്രീലാലിന്റെ പോസ്റ്റില്‍ നിന്നാണ് ഇങ്ങോട്ട് വന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ കമന്റിടാതെ വയ്യെന്നായി. (എന്താത് ആരും ഇങ്ങോട്ട് വന്നതേയില്ല!!!)
നല്ല വിവരണം, ചിത്രങ്ങള്‍. എന്തു സഹിച്ചാലും മാടായിപാറ കാണാതെ വയ്യെന്നായി, പ്രകൃതി പൂക്കളമിടുന്ന പാറ കാണാന്‍
എന്താത് ആരും ഇങ്ങോട്ട് വന്നതേയില്ല...???
നന്ദേട്ടന് പറഞ്ഞതു പോലെത്തന്നെ,
ഇവിടെ വന്നിട്ട് കമന്റിടാതെ പോകാനാവില്ല..
മനോഹരമായ പോസ്റ്റ്......
അവിടെക്കെത്താനുള്ള വഴി കൂടി .....
കാണാതെ വയ്യെന്നായിരിക്കുന്നു, ഇത് വായിച്ചതോടെ. എത്താനുള്ള മാര്‍ഗം, താമസ സൌകര്യങ്ങള്‍ തുടങ്ങിയവയും കൂടി വിശദമാക്കൂ പ്ലീസ്
മനോഹരം. ഇനിയവിടെ പോകാതെ വയ്യ. പക്ഷെ മാര്‍ഗം?" താമസം? അത് കൂടി പറയൂ
Post a Comment