Thursday, July 31, 2008
വേലന്താവളവും റിലയന്‍സും തമ്മിലെന്താണ് ബന്ധം?
കിടപ്പ് പാലക്കാടാണെങ്കിലും പോകാനെളുപ്പമുള്ള നഗരം കൊയമ്പത്തൂരായ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നാണ് വേലന്താവളം. കുമ്മായം പൂശിയ ചുമരുകളും പനയും പാടങ്ങളും കൃഷിയും കന്നുകാലിയും കാളവണ്ടികളുമെല്ലാമുള്ള കൊച്ചുഗ്രാമം. ഇവിടങ്ങളിലെ പനയോല മേഞ്ഞ ചായക്കടകളില്‍ ഇപ്പോഴും റേഡിയോ തമിഴ് പാട്ടുകള്‍ക്കൊപ്പമാണ് രാവിലെകളില്‍ നാട്ടുകാര്‍ ചായകുടിക്കാറ്.
വലിയ വലിയ കാര്യങ്ങള്‍ക്കൊപ്പം മാത്രം പറഞ്ഞു കേട്ടിട്ടുള്ള റിലയന്‍സിനെക്കുറിച്ച് ഇപ്പോള്‍ വേലന്താവളത്തിനൊപ്പവും പറഞ്ഞു കേള്‍ക്കുന്നു. ഈ കൊച്ചു അതിര്‍ത്തി ഗ്രാമത്തില്‍ ആഗോളകുത്തക ഭീമനെന്താണ് കാര്യമെന്ന സ്വാഭാവിക ചിന്തയും റിലയന്‍സ് ചിന്തയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്.
റിലയന്‍സ് വേലന്താവളം വഴി ലക്ഷ്യം വെക്കുന്നത്
വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്തയുള്ളത് വേലന്താവളത്തിലാണെന്ന് മലയാളികളില്‍ പലര്‍ക്കുമറിയില്ല. എന്നാലത് റിലയന്‍സിനറിയാം. ഇരുപതിലേറെ പച്ചക്കറിയിനങ്ങളാണ് ഓരോ ദിവസവും ഇവിടെ വിറ്റു പോകാറുള്ളത്. കൂടാതെ ആഴ്ച്ചചന്തയില്‍ ഓരോ ഇനത്തിന്റേയും വില്പന 30 ടണ്ണിലേറെ വരും. ഇക്കാര്യങ്ങളറിഞ്ഞതുമുതലാണ് റിലയന്‍സിന്റെ ചെറിയ ചെറിയ വലിയ ലക്ഷ്യങ്ങളിലൊന്നായി വേലന്താവളം ചന്തയും മാറിയത്.
ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികളും പഴങ്ങളും വാങ്ങുകയാണ് റിലയന്‍സിന്റെ രീതി. വാളയാര്‍ ചന്തയില്‍ 13 പച്ചക്കറി മണ്ടിമാരാണുള്ളത്(മൊത്തവില്‍പ്പനക്കാര്‍). ഇവര്‍ കൃഷിക്കാര്‍ക്ക് നല്കുന്നതിനേക്കാള് കിലോക്ക് ഒന്നോ രണ്ടോരൂപ അധികം നല്കാന് തയ്യാറായിത്തന്നെയാണ് റിലയന്‍സ് വരുന്നത്. സ്വാഭാവികമായും വരുംകാലങ്ങളില്‍ കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ റിലയന്‍സിന് നല്‍കാനാവും താത്പര്യം.
തുടര്‍വര്‍ഷങ്ങളില്‍ വിപണിക്ക് എന്താണ് ആവശ്യമെന്നും അതിനെന്താണ് കൃഷിചെയ്യേണ്ടതെന്നുമുള്ള നിര്‍ദേശം കര്‍ഷകര്‍ക്ക് നല്കുകയാണിപ്പോള് റിലയന്‍സ്. ചില കര്‍ഷകര്‍ക്ക് ഇവര്‍ രഹസ്യമായി വിത്തുകള്‍ പോലും നല്കി കഴിഞ്ഞെന്നാണ് കേള്‍വി. റിലയന്‍സ് ഇപ്പോള്‍ പയറ്റുന്നത് വിപണി പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ മാത്രം.
ഇപ്പോള്‍ തന്നെ കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ശേഖരിക്കുന്ന ഭീമനായി റിലയന്‍സ് മാറിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
പാലക്കാട് മാത്രമല്ല ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന എറണാകുളത്തെ വാഴക്കുളത്തുനിന്നുമെല്ലാം റിലയന്‍സ് പച്ചക്കറികളും പഴങ്ങളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ തന്നെ 200ലേറെ തൊഴിലാളികള്‍ ആവശ്യമായ ഒരു പഴം-പച്ചക്കറി സംസ്ക്കരണ യൂനിറ്റ് തുടങ്ങാനും പദ്ധതിയുണ്ടെന്നാണ് അണിയറ വര്‍ത്തമാനം.
കേരളത്തില്‍ നിന്ന് റിലയന്‍സ് പഠിച്ച പാഠം
നിലവില്‍ കേരളത്തിലാകെ റിലയന്‍സിന് 18 പഴം പച്ചക്കറി വില്പനശാലകളാണുള്ളത്. ഇത്രയേറെ മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും റിലയന്‍സ് നടത്തുന്നത്് ഈ വില്പനശാലകളെ മാത്രം മുന്നില്‍ കണ്ടാണോ? ഉത്തരം അല്ലെന്നു തന്നെ. കേരളത്തില്‍ 120 പഴം-പച്ചക്കറി വില്പനശാലകള് തുടങ്ങുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് പണ്ടു തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ മാവിനെ ലക്ഷ്യംവെച്ചു തന്നെയാണ് റിലയന്‍സ് ഏറുതുടങ്ങിയിരിക്കുന്നതെന്ന് ചുരുക്കം.
റിലയന്‍സ് തുടങ്ങിയിട്ടേയുള്ളൂ. 2007 ജൂണില്‍ കേരളത്തിലെ ആദ്യത്തെ പഴം-പച്ചക്കറി വില്പനശാല തുടങ്ങിയപ്പോള്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ ഒന്നാം പാഠമായിത്തന്നെയാണ് എടുത്തിരിക്കുന്നത്. യാതൊരു വിധകൊട്ടിഘോഷങ്ങളുമില്ലാതെ നിശബ്ദമായി വേണം പ്രവര്‍ത്തിക്കാനെന്നതാണ് റിലയന്‍സ് കേരളത്തില്‍ നിന്നും പഠിച്ച ഒന്നാം പാഠം.
Subscribe to:
Post Comments (Atom)
1 comment:
പ്രസക്തമായ ലേഖനം !
നാമൊക്കെ എന്തു, എത്രമാത്രം തിന്നണമെന്ന് നാളെ അംബാനി തീരൂമാനിക്കുമെന്നു ചൂരുക്കം. റിലയൻസ് കൊടുത്തെന്നു പറയുന്ന വിത്തുകൾ അന്ധകവിത്തുകളുമായാൽ ക്ലൈമാക്സ് ആയി...മാവേലി മാർകെറ്റുകളൊക്കെ പോലെ പച്ചക്കറികളും പഴങ്ങളും മറ്റ് അവശ്യവസ്തുക്കളൂം സർക്കാരിന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കൂന്ന ഒരു വ്യവസ്ഥയാണ് എന്റെ സ്വപ്നത്തിൽ. അതായത്ത് ഇന്ന് റിലയൻസ് ചെയ്യുന്നത് സർക്കാർ ചെയ്യുന്ന ഒരു കാലം.
കേരളത്തിൽ ഈ മാറ്റം ഇടതുപക്ഷത്തിന്റെ ഭരണകാലത്തു തന്നെ പൂർത്തിയാകണം..
Post a Comment